Wednesday, June 15, 2011

ഖത്തറില്‍ കലാപഠനകേന്ദ്രവുമായി ഗായകന്‍ അഫ്‌സലും സഹോദരങ്ങളും

ദോഹ: യുവ ചലച്ചിത്ര പിന്നണി ഗായകന്‍ അഫ്‌സലിന്റെ സംഗീതകുടുംബം ഖത്തറില്‍ സംഗീത, കലാപഠനകേന്ദ്രം തുറക്കുന്നു. ടി.വി. സംഗീതപരിപാടികളിലൂടെ പ്രശസ്തനായ സഹോദരന്‍ അന്‍സാര്‍, സംഗീതസംവിധായകനും ഡ്രമ്മറുമായ മറ്റൊരു സഹോദരന്‍ ഷക്കീര്‍ എന്നിവരുമായി കൈകോര്‍ത്താണ് അഫ്‌സല്‍ ദോഹയിലെ മുംതസയില്‍ 'ഏഷ്യന്‍ ആര്‍ടസ് സെന്റര്‍' എന്ന പേരില്‍ പഠനകേന്ദ്രം തുറക്കുന്നത്. സംഗീതജ്ഞന്‍ തിരൂര്‍ ഷായുടെ മകന്‍ നൗഷാദ് ഷാ പ്രധാനാധ്യാപകനായ കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം ഈമാസം നടക്കും.

കലാഭിരുചിയുള്ളവര്‍ക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കുന്നവിധം പരിശീലനം നല്‍കാന്‍ കഴിയുന്ന കേന്ദ്രം തുറക്കണമെന്ന് ഏറെ നാളായുള്ള ആഗ്രഹമാണ്. ആദ്യം നാട്ടിലാണ് പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീടത് ഖത്തറിലേക്ക് മാറ്റുകയായിരുന്നുവെന്ന് അഫ്‌സല്‍ 'ഗള്‍ഫ് മാധ്യമ'ത്തോടു പറഞ്ഞു. കര്‍ണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ശാസ്ത്രീയനൃത്തം, ഉപകരണസംഗീതത്തില്‍ തബല, ഗിത്താര്‍, വയലിന്‍, ഡ്രംസ്, പിയാനോ, ആയോധനകല എന്ന നിലയില്‍ കരാട്ടേ എന്നിവ പരിശീലിപ്പിക്കുന്ന കേന്ദ്രമാണിത്. ഗള്‍ഫില്‍ അവധിക്കാലം ആരംഭിക്കുന്ന ജൂലൈ മുതല്‍ കേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും. പ്രായഭേദമന്യേ അഭിരുചിയുള്ളവരെ മികച്ച കലാകാരന്‍മാരായി വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ അറിവും, പരിശീലനവും, ആത്മവിശ്വാസവും നല്‍കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അഞ്ച് സ്ഥിരം അധ്യാപകരുള്ള ഇവിടെ നാട്ടില്‍ നിന്നുള്ള പ്രശസ്തര്‍ പരിശീലനകളരികള്‍ സംഘടിപ്പിക്കാനായെത്തും.

കലാരംഗത്ത് തന്നെ പോലുള്ളവര്‍ പിച്ചവെച്ചു തുടങ്ങുമ്പോള്‍ ലഭിക്കാതെ പോയ അറിവുകള്‍ പുതിയ കലാകാരന്‍മാര്‍ക്ക് പകര്‍ന്നു നല്‍കുക എന്നതാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യം. കലാരംഗത്ത് ഇപ്പോള്‍ 'ഹാര്‍ഡ് വര്‍ക്കി'നേക്കാള്‍ പ്രധാന്യം 'സ്മാര്‍ട്ട് വര്‍ക്കിന്' കൈവന്നിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ മനസില്‍ കണ്ടുള്ള പരിശീലനരീതിയായിരിക്കും തങ്ങള്‍ അവലംബിക്കുകയെന്നും അഫ്‌സല്‍ വ്യക്തമാക്കി. അന്‍സാറിനും, ഷക്കീറിനും പുറമെ ബഹ്‌റൈനിലുള്ള സഹോദരന്‍ അഷ്‌റഫിന്റെ മകനും ഓര്‍ക്കസ്ട്ര കലാകാരനുമായ യാസിര്‍, സഹോദരി റംലയുടെ മകനും എഞ്ചിനീയറുമായ ഇജാസ് എന്നിവര്‍ കേന്ദ്രത്തിന്റെ ഡയറക്ടര്‍മാരാണ്. സുഹൃത്തുക്കളായ ഷമീര്‍, നൗഷി, സുബൈര്‍, ഷാജഹാന്‍ എന്നിവരും സംരംഭത്തില്‍ പങ്കാളിയായുണ്ട്.

ലാഭേച്ഛയില്ലാതെയാണ് കലാപരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നത്. അതേസമയം, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കേന്ദ്രത്തിന്റെ ബാനറില്‍ സംഗീതപരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ വരുമാനമുണ്ടാക്കാനും ലക്ഷ്യമിടുന്നുണ്ട്. കേന്ദ്രത്തിന്റെ ഉദ്ഘാടനചടങ്ങ് തന്നെ അത്തരമൊരു ശ്രദ്ധേയമായ സംഗീതപരിപാടിയായിരിക്കും ദോഹ നഗരത്തിന് സമ്മാനിക്കുക. പ്രശസ്തപിന്നണി ഗായകന്‍ എം.ജി. ശ്രീകുമാറായിരിക്കും ഉദ്ഘാടകന്‍. 'ബിഗ് ബാന്‍ഡ്' എന്ന് പേരിട്ട സംഗീതപരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അഫ്‌സല്‍ പറഞ്ഞു. മലയാളത്തിലെ യുവഗായകരില്‍ ശ്രദ്ധേയരായ പലരും പരിപാടിക്കെത്തും.

ഗാനഗന്ധവന്‍ ഡോ. കെ.ജെ. യേശുദാസ്, ശാസ്ത്രീയസംഗീതരംഗത്തെ കുലപതിയായ ജയവിജന്‍മാര്‍ എന്നിവര്‍ കലാപഠനകേന്ദ്രത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫ്യൂഷന്‍ സംഗീതരംഗത്തെ സ്റ്റീഫന്‍ ദേവസി, സംഗീതസംവിധായകരായ ബേണി ഇഗ്‌നേഷ്യസ് എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.ഭാവിയില്‍ ട്രിനിറ്റി കോളജ് ഉള്‍പ്പെടെയുള്ള ലോകത്തെ മികച്ച കലാപഠനകേന്ദ്രങ്ങളുമായി അഫിലിയേഷനും തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അഫ്‌സല്‍, അന്‍സാര്‍, നൗഷാദ് ഷാ എന്നിവര്‍ വ്യക്തമാക്കി.

No comments: